
ടെഹ്റാൻ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി ഏഴാം ദിവസവും തുടരുന്നു. തെക്കൻ ഇറാനിലെ വിവിധ മേഖലകളിൽ യുഎസ് വീണ്ടും വ്യോമാക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ പ്രധാന പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ഇറാനും വിവിധ മേഖലകളിൽ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്.
മുൻദിവസം ബന്ദർ അബ്ബാസ് ഉൾപ്പെടെയുള്ള നഗരങ്ങൾ യുഎസിന്റെ ആക്രമണത്തിന് ഇരയായിരുന്നു. ബന്ദർ അബ്ബാസ് റെയിൽവേ സ്റ്റേഷനും തെക്കൻ മേഖലയിലെ രണ്ട് പ്രധാന പാലങ്ങളും ആക്രമണത്തിൽ കേടുപാടുകൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ സേനയ്ക്ക് ഗണ്യമായ നാശനഷ്ടം വരുത്തിയെന്നാണ് ഇറാന്റെ അവകാശവാദം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജോർദാനിൽ വിന്യസിച്ചിരുന്ന യുഎസ് സൈനിക വിമാനങ്ങളെ ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു. നിരവധി റീഫ്യൂവലിങ് വിമാനങ്ങളും യുദ്ധവിമാനങ്ങളും തകർത്തതായും മറ്റു ചിലതിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും പ്രസ്താവനയിൽ പറയുന്നു.
ഇറാൻഷഹറിൽ ഇറാനിയൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് പ്രതികാരമായാണ് സിറിയയിലെ അൽ-ടൻഫിലുള്ള യു.എസ്. സ്‌പെഷൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന് നേരെയും ആക്രമണം നടത്തിയതെന്ന് ഐആർജിസി അവകാശപ്പെട്ടു. ഈ വിവരങ്ങൾ ഇറാൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. എന്നാൽ, ഇറാന്റെ അവകാശവാദങ്ങൾ അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.










